ഹൈലൈറ്റ്:
പാസ്പോർട്ട്, റസിഡൻറ് കാർഡ്, ടിക്കറ്റ് എന്നിവ കെെവശം ഉണ്ടായിരിക്കണം.
ഓഫീസുകൾ നീണ്ട അവധിയിൽ ആയിരിക്കും.
പുതുക്കാനുള്ള രേഖകൾ നേരത്തെ പുതുക്കി വെക്കണം.
മസ്കറ്റ്: ഈദുൽ ഫിത്ർ അവധി വരാൻ ഇരിക്കെ ഒമാനിൽ നിന്നും യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ റോയൽ പോലീസ്. ഇനി വരാൻ പോകുന്നത് നീണ്ട അവധി ദിവസങ്ങൾ ആണ്. യാത്രക്കൊരുങ്ങുന്നവർ രേഖകൾ ശരിയാക്കി വെക്കണം. മതിയായ രേഖകളില്ലാതെ യാത്ര മുടങ്ങുന്ന സംഭവം എല്ലാവർഷവും നടക്കുന്നുണ്ട്. ഓഫീസുകൾ നീണ്ട അവധിയിൽ ആയിരിക്കും. അന്തരാഷ്ട്ര തലത്തിൽ ഓരോ വർഷവും 50,000ലധികം യാത്രക്കാർക്ക് യാത്ര മുടങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പാസ്‌പോർട്ടിന്‍റെയോ റസിഡൻസ് കാർഡുകളുടെയോ കാലാവധി യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ പരിശോധിക്കണം. എയർപോർട്ടിൽ എത്തുമ്പോൾ , അല്ലെങ്കിൽ യാത്രക്ക് പോകുന്നതിന്റെ മൂന്ന് ദിവസം മുമ്പായിരിക്കും ഇതെല്ലാം പലരും നോക്കുന്നത്. പലരുടേയും യാത്ര മുടങ്ങാനുള്ള കാരണം ഈ അശ്രദ്ധയാണ് എന്നാണ് ട്രാവൽ ഓപറേറ്റർമാർ പറയുന്നത്.
ഈദ് അവധിക്കാലം വരുന്നുണ്ട്. നിരവധി പേർ ഇപ്പോൾ തന്നെ യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞു. ഏപ്രിൽ 10 നായിരിക്കും മിക്കവാരും പെരുന്നാൾ വരുന്നത്. ചൊവ്വ, ബുധൻ, വ്യാഴം തുടങ്ങിയ ദിവസങ്ങളിൽ അവധി ആയിരിക്കും. ഈ സമയത്ത് മറ്റു രാജ്യങ്ങളിലേക്ക് യാത്രക്കായി ഒരുങ്ങുന്നവർ നിരവധി പേർ ആണ്. പെരുന്നാളിന് നാട്ടിൽ പോകുന്നവരും കൂടുതൽ ആണ്. പെരുന്നാൾ പ്രമാണിച്ച് വിമാനത്താവളത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുടുംബവുമായി യാത്ര ചെയ്യുന്നവർ അവരുടെ അംഗങ്ങളുടെ എല്ലാവരുടേയും പാസ്പോർട്ട് കാലാവധി നോക്കണം. കഴിഞ്ഞതോ കഴിയാറായതോ ആയ പാസ്പോർട്ടുകൾ ഉടൻ പുതുക്കുകയും വേണം.
ആറ് മാസം കാലാവധിയുള്ള പാസ്പോർട്ട് ആണ് യാത്ര ചെയ്യാൻ വേണ്ടിവരുന്നത്. അത്രയും സമയം പാസ്പോർട്ടിൽ ഇല്ലെങ്കിൽ പാസ്പോർട്ട് പുതുക്കണം. യാത്ര ചെയ്യുന്നവർ റസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞില്ലെന്ന് ഉറപ്പുവരുത്തണം. ഓൺ അറൈവൽ വിസ ലഭിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് റസിഡൻറ് കാർഡ് നിർബന്ധമാണ്. ഇതിന്റെ കാലാവധി നോക്കണം. ഒമാനിൽ ജോലി ചെയ്യുന്നുണ്ടെന്ന് തെളിയിക്കുന്ന കാർഡ് ആണ് ഇത്. കാർഡ് കാലാവധി കഴിയുകയോ കഴിയാറാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിച്ച് ശേഷം മാത്രം യാത്രക്കായി പുറപ്പെടുക.
ഏപ്രിൽ മാസത്തിൽ വലിയ തിരക്കാണ് വിമാനത്താവളത്തിൽ അനുഭവപ്പെടുന്നത്. യാത്രക്കായി തയ്യാറെടുത്തവർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തി ചെക്കിങ് നടപടികൾ പൂർത്തിയാക്കണം. വിമാനം പുറപ്പെടുന്നതിന്റെ 3 മണിക്കൂർ മുമ്പ് എങ്കിലും എയർപോർട്ടിൽ എത്താൻ ശ്രമിക്കണം. പാസ്പോർട്ട്, റസിഡൻറ് കാർഡ്, ടിക്കറ്റ് എന്നിവ കെെവശം ഉണ്ടെന്ന് ഉറപ്പുവരുത്തണം. യാത്ര ഇൻഷുറൻസ് ഉള്ളവർ അതിന്റെ കോപ്പി കെെവശം കരുതണം.
Eid Holiday 2024: Eid Holiday; Oman Police advises travelers